Latest News :

Sunday 22 April 2012

കാറ്റിലും മഴയിലും നടുവില്‍ പഞ്ചായത്തില്‍ വന്‍ നാശനഷ്ടം ....

Posted by Shaji.essenn at 10:40 am
നടുവില്‍ : വേനല്‍മഴക്കൊപ്പം വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മലയോരത്തെ നാല് പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടം. 

വായാട്ടുപറമ്പ് ബാലപുരം ഉടുമ്പുംചീത്ത, ആനക്കുഴി, പോത്തുകുണ്ട്, വെള്ളാട്, മുളകുവള്ളി, മണ്ണംകുണ്ട്, തടിക്കടവ്, നരിയമ്പാറ, കൊട്ടയാട് തുടങ്ങി മുപ്പതോളം പ്രദേശങ്ങളിലുണ്ടായ കാറ്റില്‍ ടാപ്പിങ് നടത്തിവന്നതുള്‍പ്പെടെ ആയിരക്കണക്കിന് റബര്‍മരങ്ങള്‍ ഒടിഞ്ഞു. തെങ്ങ്, കശുമാവ്, പ്ലാവ് തുടങ്ങിയവയും വീണു. നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. പല വീടുകളിലുമുള്ളവര്‍ കാറ്റ് ഭയന്ന് സുരക്ഷിത സ്ഥാനങ്ങളില്‍ മാറിനിന്നതിനാലാണ് പരിക്കേല്ക്കാതെ രക്ഷപ്പെട്ടത്. വായാട്ടുപറമ്പിലെ പുളിയംപറമ്പില്‍ രാജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മരം വീണ് തകര്‍ന്നു. 

വായാട്ടുപറമ്പിലെ പിണക്കാട് ജോസഫിന്റെ വീടിനുമേല്‍ തെങ്ങ് ഒടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. കൊയിലേരിയന്‍ പാര്‍വതിയുടെ മൂന്നുസെന്റ് സ്ഥലത്തെ ആസ്ബസ്റ്റോസ്ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. വായാട്ടുപറമ്പിലെ ശാന്തകുമാരി കുഴിക്കാട്, ബെന്നി പിണക്കാട്ട്, വത്സമ്മ കുളത്തൂര്‍, രോഹിണി കക്കടിയവില്‍, പുത്തന്‍പുരയ്ക്കല്‍ സോമന്‍, പാതിപുരയിടത്തില്‍ ബിജു, ചെല്ലരിയന്‍ അജി, പുല്ലന്‍കുന്നേല്‍ തോമസ്, വേളാമറ്റത്തില്‍ ബാബു, കുളത്തൂര്‍ ക്രിസ്റ്റഫര്‍, ആനക്കുഴിയിലെ മുഹമ്മദ് പനങ്കുന്ന്, മീന്‍കുഴി ചാലില്‍ ആയിഷ, വെള്ളാട്ടെ പുതനപുരയ്ക്കല്‍ അര്‍ച്ചന, കൊട്ടയാട്ടെ ഷൈനി തുടങ്ങി അറുപതോളം പേരുടെ വീടുകള്‍ക്ക് ഭാഗികമായി നാശമുണ്ടായി. കോക്കാട്ട് ബെന്നിയുടെ ഡയറി ഫാം നിലംപൊത്തി. വായാട്ടുപറമ്പിലെ ചെല്ലരിയന്‍ ചാക്കോയുടെ കാലിത്തൊഴുത്തും ഷാജി മരുതാംകുന്നേലിന്റെ കോഴിഫാമും തകര്‍ന്നു. കൊട്ടയാട്ടെ പുല്ലങ്കാവുങ്കല്‍ ബേബിയുടെ വീടിന് മിന്നലില്‍ നാശമുണ്ടായി. വായാട്ടുപറമ്പ് സെന്റ് ജോസഫ് സ്‌കൂളിനുസമീപം മരങ്ങള്‍ തകര്‍ന്നുവീണു. 

വെട്ടുകല്ലാം കുഴി ജോസഫ്. കുര്യന്‍ കുളപ്പുറം, കൊട്ടുകാപ്പള്ളി ബെന്നി, കാരിക്കാട്ടില്‍ ബെന്നി, കവുന്നംകാട്ടില്‍ മത്തായി, കൊട്ടുകാപ്പള്ളി ജോയി, കൈതോട്ടുങ്കല്‍ അമൃത എന്നിവരുടെയും വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് പള്ളിയുടെയും റബര്‍തോട്ടങ്ങളില്‍ വന്‍നാശമുണ്ടായി. ടാപ്പിങ് നടത്തിയിരുന്ന റബര്‍മരങ്ങള്‍ ഒടിഞ്ഞുതകര്‍ന്നു. 

ബെന്നി പീടികയില്‍, ബാബു പീടികയില്‍, കൈത്തോട്ടുങ്കല്‍ കുഞ്ഞ്, തച്ചേട്ട് സാജന്‍, കുരിശുംമൂട്ടില്‍ ജോയി, വട്ടപ്പറമ്പില്‍ ജോസഫ്, കുരിശുംമൂട്ടില്‍ തോമാച്ചന്‍, തൈക്കുന്നുംപുറം സിറിയക്ക്, തൈമറ്റത്തില്‍ തങ്കച്ചന്‍, വല്യറ ലില്ലി ജോര്‍ജ് എന്നിവരുടെ കൃഷിയിടങ്ങളില്‍ റബര്‍, തെങ്ങ്, പ്ലാവ് തുടങ്ങിയവ ഒടിഞ്ഞുതകര്‍ന്നു. ടാപ്പിങ് പ്രായമായ റബറുകള്‍ വന്‍തോതില്‍ നശിച്ചിട്ടുണ്ട്. 

ആലക്കോട്-ഒടുവള്ളി, കരുവന്‍ചാല്‍-വായാട്ടുപറമ്പ്, കരുവന്‍ചാല്‍-പോത്തന്‍പാറ റോഡുകളില്‍ മരം പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ബാലപുരത്തെ പേരനാനിക്കല്‍ മത്തായിയുടെ റബര്‍ തോട്ടത്തില്‍ കാറ്റ് വന്‍ നാശമാണ് വരുത്തിയത്. 

മലയോരത്തെ നാല് പഞ്ചായത്തുകളില്‍ മെയിന്‍ ലൈനുകളിലുള്‍പ്പെടെ മരം വീണ് തകരാറിലായി. നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു തകര്‍ന്നു. 

മലയോരത്ത് കാറ്റില്‍ നാശമുണ്ടായ പ്രദേശങ്ങള്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, കര്‍ഷകകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വിനോയ് തോമസ്, കോണ്‍ഗ്രസ് നേതാവ് ബേബി ഓടമ്പള്ളി, മുസ്‌ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി.എ.റഹീം എന്നിവര്‍ സന്ദര്‍ശിച്ചു. നാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. 

നടുവില്‍ പഞ്ചായത്തില്‍ നാശമുണ്ടായ കര്‍ഷകര്‍ക്കുംവീട് തകര്‍ന്നവര്‍ക്കും അടിയന്തര സഹായമെത്തിക്കണമെന്ന് നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു റവന്യുമന്ത്രിയോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് അടിയന്തര ദുരിതാശ്വാസമെത്തിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത (ഡി) ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. 





നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.