നന്മയുടെ സന്ദേശവുമായി വേനല്‍തുമ്പികള്‍ എത്തുന്നു
പേരാവൂര്‍: കുട്ടികളില്‍ സര്‍ഗാത്മകതയും സാമൂഹ്യ ബോധവും വളര്‍ത്താനും പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയാനും വേനല്‍തുമ്പികള്‍ വരുന്നു. ആലച്ചേരി യുപി സ്കൂളില്‍ നടക്കുന്ന ജില്ലാ ക്യാമ്പില്‍ വേനല്‍തുമ്പി കലാജാഥ പരിശീലനം അന്തിമഘട്ടത്തിലാണ്. ഞായറാഴ്ച ക്യാമ്പ് സമാപിക്കും. ജില്ലയിലെ 18 ഏരിയകളിലും ബാലസംഘം നേതൃത്വത്തില്‍ വേനല്‍തുമ്പികള്‍ പര്യടനം നടത്തും. മെയ് ആദ്യവാരം പര്യടനം തുടങ്ങും. ബാലസംഘം രൂപീകരണത്തിന്റെ 75ാം വാര്‍ഷികം ഓര്‍മിപ്പിച്ചാണ് ഇത്തവണ വേനല്‍തുമ്പികള്‍ എത്തുന്നത്. നിഷ്കളങ്ക ബാല്യങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്ന നൃത്ത-സംഗീത ശില്പങ്ങള് ശ്രദ്ധേയമാണ്. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതിയ മലാല യൂസഫ്സായിക്കും ശൈശവ വിവാഹത്തിനെതിരെ പൊരുതിയ യമനിലെ നൂജൂദ്അലിക്കും ക്രൂരമതക്കിരയായ വടകരയിലെ കൊച്ചു പാപ്പാത്തിക്കുമാണ് "വേനല്‍തുമ്പികള്‍" സമര്‍പ്പിക്കുന്നത്. ബാല്യം സുരക്ഷിതമല്ല എന്ന സത്യം വിളിച്ചുപറയുന്ന "ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി" എന്ന അവതരണശില്പം രചിച്ചത് ഹരിശങ്കര്‍ മുന്നൂര്കോടാണ്. സുനില്‍ കുന്നരു രചിച്ച "ചരിത്രവഴിയില്‍" ബാലസംഘത്തിന്റെ ചരിത്രം പറയുന്നു. ഡി പാണി രചിച്ച നാടകം "അപ്പമരം", ഗോപി കുറ്റിക്കോല്‍ രചിച്ച "നുജൂദ് അലി ധീരതയാര്‍ന്ന രണ്ട് കണ്ണുകള്‍" പൊങ്ങച്ച സംസ്കാരത്തെ കുറിച്ച് എ ആര് ചിദംബരം രചിച്ച "ഉറക്കമത്രെ നിന്ശത്രു", പ്രകൃതിയെക്കുറിച്ചും പരിസര മലിനീകരണത്തെക്കുറിച്ചും മുതിര്‍ന്നവരെ പഠിപ്പിക്കുന്ന പ്രിയദര്‍ശന്റെ രചനയായ "ആംഷിം-ആംഷിം", ലോകത്തിന്റെ ഹിപ്പോക്രസിയെ അനാവരണം ചെയ്ത് പ്രവീണും അഖിലയും രചിച്ച നാടക നുറുങ്ങുകള്‍, ഒ എന്‍ വി, ഏഴാച്ചേരി എന്നിരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമാലിക എന്നിവയാണ് ക്യാമ്പില്‍ ഒരുങ്ങുന്നത്. 18 ഏരിയകളില്‍നിന്നായി 70 പേര് ക്യാമ്പിലുണ്ട്. ക്യാമ്പ് ഡയറക്ടര്‍ അഴീക്കോടന്‍ ചന്ദ്രന്റെയും ജോയിന്റ് ഡയറക്ടര്‍ എസ് നിജിലിന്റെയും നേതൃത്വത്തില്‍ പി കെ ശ്രീജിത്ത്, വി വി മോഹനന്, പ്രവീണ്‍ ഏഴോം, സി പി രാജന്, പി വി യദു എന്നിവരാണ് പരിശീലനം നല്‍കുന്നത്.
0 comments: