നടുവില്‍ : വൈതല്‍മലയുടെ പരിസരം ഉള്‍പ്പെടെയുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ കരിങ്കല്‍ സ്ഫോടനം നടത്താന്‍ എക്സ്പ്ലോസീവ് ലൈസന്‍സ് അനുവദിച്ചത് ചട്ടം മറികടന്ന്. ഇതിനുള്ള അപേക്ഷ ലഭിച്ചാല്‍ പ്രാഥമികാന്വേഷണം എഡിഎം നേരിട്ട് നടത്തണം. ആവശ്യമായ സുരക്ഷാനടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയേ അനുമതി നല്‍കാന്‍ പാടുള്ളൂ. വൈതല്‍മലയില്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. കൂറ്റന്‍ ക്വാറിയായതിനാല്‍ ചെന്നൈയിലെ റീജണല്‍ എക്സ്പ്ലോസീവ് ഓഫീസറുടെ ലൈസന്‍സ് ലഭിക്കണം. ഇതിനുള്ള അപേക്ഷ ജില്ലാ കലക്ടറാണ് ശുപാര്‍ശ ചെയ്യേണ്ടത്. മുമ്പത്തെ എഡിഎം എന്‍ ടി മാത്യുവാണ് അനുമതി നല്‍കിയത്. കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ സ്ഥലത്തില്ലാത്തതിനാല്‍ മാത്യുവിനായിരുന്നു ചുമതല. സ്ഥലപരിശോധന നടത്തുകയോ പരിസരവാസികളുടെയോ വിദഗ്ധരുടെയോ അഭിപ്രായം തേടുകയോചെയ്യാതെ തിരക്കിട്ട് നടത്തിയ നടപടിയാണിത്. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് വൈതല്‍മലയെന്ന വസ്തുത മറച്ചുവച്ചാണ് അനുമതി നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയടക്കം ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇത്തരത്തില്‍ സംഘടിപ്പിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. യുഡിഎഫ് സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടലാണ് കടുത്ത പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന ക്വാറികള്‍ക്ക് എളുപ്പത്തില്‍ രേഖകള്‍ ലഭിക്കാന്‍ സഹായകമായത്. ആലക്കോട് പഞ്ചായത്തിലെ ഫര്‍ലോങ്കരയിലെ 418 ഏക്കറിലെ ക്വാറിക്കെതിരെ വ്യാപകമായ ജനരോഷമുയര്‍ന്ന സാഹചര്യത്തില്‍ ഇത് മറികടക്കാന്‍ ക്വാറിമാഫിയ ശ്രമം തുടങ്ങിയിട്ടുണ്ട്. പദ്ധതിയെ എതിര്‍ത്ത് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച സമിതിയുടെ ഭാരവാഹികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിയമനടപടി ആരംഭിച്ചു. നിയമാനുസൃതം ക്വാറി നടത്താനുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും തങ്ങളുടെ കൈവശമുണ്ടെന്നാണ് സംരംഭകര്‍ അവകാശപ്പെടുന്നത്. വൈതല്‍മല പശ്ചിമഘട്ടത്തില്‍പ്പെടുന്നില്ലെന്നും ഇവര്‍ വാദിക്കുന്നു. സമരസമിതി കണ്‍വീനര്‍ കണ്ണാ രമേശന്‍, ചെയര്‍മാന്‍ വിനോദ്, ആലക്കോട് പഞ്ചായത്ത് സെക്രട്ടറി, ആലക്കോട് എസ്ഐ എന്നിവര്‍ക്ക് ഹൈക്കോടതിയില്‍നിന്ന് നോട്ടീസ് ലഭിച്ചു. ക്വാറി പ്രവര്‍ത്തനം തുടരാന്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ ആലക്കോട് പഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം ഉടലെടുത്തു. ആരുടെ താല്‍പര്യപ്രകാരമാണ് ക്വാറിക്ക് എന്‍ഒസി അനുവദിച്ചതിനുപിന്നിലെന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫര്‍ലോങ്കരയിലെ ക്വാറി സന്ദര്‍ശിച്ച് ഭാവിനടപടി കൈക്കൊള്ളാന്‍ സബ്കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ 2010 ആഗസ്ത് 31ന്റെ ബോര്‍ഡാണ് എന്‍ഒസി നല്‍കിയത്. ക്വാറികള്‍ സുരക്ഷാഭീഷണിയൊരുക്കുന്ന നടുവില്‍ പഞ്ചായത്തില്‍ ക്വാറി പ്രശ്നം വിവാദമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. രണ്ട് പഞ്ചായത്തുകളിലുമായി വൈതല്‍മലയക്ക് സമീപം 31 കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രി കെ സി ജോസഫിന്റെ അടുപ്പക്കാരനായ പി ടി മാത്യുവാണ് ഇവിടുത്തെ പ്രസിഡന്റ്.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: