നടുവില്‍
: കുടിയാന്‍മല ഉള്‍പ്പെടുന്ന മലയോരമേഖലയോട് അധികൃതര്‍ അവഗണന കാട്ടുന്നുവെന്ന് ആക്ഷേപം.
ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ഏറ്റവും അവികസിത ഗ്രാമമാണു കുടിയാന്മലയെന്നും ജനവാസം
തുടങ്ങിയിട്ട് എഴുപതാണ്ടുകള്‍ പിന്നിടുമ്പോഴും ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പലതും സാധ്യമായിട്ടില്ലെന്ന്
നാട്ടുകാര്‍ ആരോപിക്കുന്നു.
33 വര്‍ഷം
മുമ്പ് കുടിയാന്മലയിലേക്കുളള പ്രധാനപാത ജില്ലയിലെ ഏക ദേശസാത്കൃത റൂട്ടായി പ്രഖ്യാപിച്ചു.
ഇതിനു ശേഷം ഈ മേഖലയില്‍ വികസനം സാധ്യമാകുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന്
നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും വികസനം എത്തിനോക്കാത്ത പ്രദേശമായി
ഇവിടെ മാറുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
14 കെ എസ്
ആര്‍ ടി സി ബസുകളും മറ്റ് സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്ന കുടിയാന്മലയില്‍ ഒരു
ബസ് സ്റ്റാന്‍ഡോ അനുബന്ധ സൗകര്യങ്ങളോ ഇല്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ബസുകളും
മറ്റു വാഹനങ്ങളും ടൗണിലെ റോഡില്‍തന്നെ നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്കിനൊപ്പം
കാല്‍നട യാത്രക്കാര്‍ക്കും വലിയ ദുരിതമാണുണ്ടാക്കുന്നത്. കുടിയാന്മല പ്രാഥമികാരോഗ്യ
കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ ആരോഗ്യവകുപ്പിന്റെ കൈവശമുള്ള സ്ഥലത്തില്‍ കുറച്ചു ഭാഗം
ബസ് സ്റ്റാന്‍ഡിനായി ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
വിനോദ സഞ്ചാര
കേന്ദ്രമായ വൈതല്‍മലയിലേക്ക് കുടിയാന്മലവഴിയുള്ള റോഡുകള്‍ വളരെ ഇടുങ്ങിയതും പഴക്കമേറിയതുമാണ്.
ഇത് വീതികൂട്ടി പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്.
മൂന്ന്പതിറ്റാണ്ട്
തുടര്‍ച്ചയായി ഈ പ്രദേശത്തെ പ്രതിനിധീകരിച്ച എം എല്‍ എ ഇത്തവണ മന്ത്രിയായപ്പോള്‍ ഇനിയെങ്കിലും
കുടിയാന്മലയുടെ ദുരിതങ്ങള്‍ക്ക് പരിഹാരമാകുമെന്ന് നാട്ടുകാര്‍ ഏറെ പ്രത്യാശ പുലര്‍ത്തിയിരുന്നു.
എന്നാല്‍
അധികാര കേന്ദ്രങ്ങളില്‍ നിരന്തരമായി നിവേദനങ്ങള്‍ നല്‍കിയിട്ടും ഒന്നിനുപോലും പരിഹാരമുണ്ടായിട്ടില്ലെന്നു
നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അവഗണന അവസാനിപ്പിക്കാനായി എല്ലാ വിഭാഗം ജനങ്ങളെയും
പങ്കെടുപ്പിച്ചു വന്‍ പ്രക്ഷോഭ‘പരിപാടികള്‍ നടത്തുന്നതിനാണ് വികസനസമിതി തയ്യാറെടുക്കുന്നത്.
0 comments: