അപകടാവസ്ഥയില്‍ ആയ ഇരിട്ടി പാലത്തില്‍ ലോഡ് വാഹനങ്ങള്‍ കുടുങ്ങി ഗതാഗതം സ്തംഭിക്കുന്നത് തുടര്‍കഥയാകുന്നു. ലോഡും കയറ്റിവരുന്ന വലിയ വാഹനങ്ങള്‍ ആണ് പാലത്തിന് മുകളില്‍ കുടുങ്ങുന്നത്. ഇതുമൂലം ഇരു ഭാഗത്തേക്കും ചെറിയ വാഹനങ്ങള്‍ക്ക് പോലും പോകാന്‍ കഴിയാതെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂരില്‍ നിന്നും കുട്ടികള്‍ വിനോദയാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസ് ആണ് പാലത്തിനു നടുക്ക് മുകളിലെ ക്രോസ് ബാറില്‍ കുടുങ്ങിയത്. ഇതോടെ അന്തര്‍സംസ്ഥാന പാതയില്‍ അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഇത് നാലാം തവണ ആണ് വാഹനങ്ങള്‍ കുടുങ്ങി ഗതാഗതം സ്തംഭിക്കുന്നത്. പാലത്തിന് മുകളിലൂടെ 40 ടണ്ണില്‍ കൂടുതല്‍ ഭാരം വഹിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയെങ്കിലും നിയമം കാറ്റില്‍ പറത്തി പാലത്തിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ഇന്നലെ കണ്ടത്. ബസിനു മുകളില്‍ സൂക്ഷിച്ചിരുന്ന ലഗേജ് ആണ് ക്രോസ് ബാറില്‍ കുടുങ്ങിയത്. ബസ് പിന്നീട് പിന്നോട്ട് എടുത്ത് ലഗേജുകള്‍ ഇറക്കിയ ശേഷം ആണ് യാത്ര തുടര്‍ന്നത്. ഈ സമയം പാലത്തിന്റെ ഇരുഭാഗത്തുമായി നൂറുകണക്കിന് വാഹനങ്ങള്‍ ആണ് കുടുങ്ങി കിടന്നത്. എട്ടുപതിറ്റാണ്ട് പഴക്കം ഉള്ള ഇരിട്ടി പാലം മേല്‍ക്കൂടൊടെ നിര്‍മ്മിച്ചത് ബ്രിട്ടീഷ്‌കാര്‍ ആണ്. കാല്‍നൂറ്റാണ്ടോളം പഴക്കം ഉള്ള പുതിയ പാലം എന്ന ആവശ്യം, കെ എസ് ടി പി ആഗോള ടെണ്ടര്‍ വിളിച്ചതോടെ വീണ്ടും വെളിച്ചം കാണുകയാണ്.
Tags:
Naduvilnews
0 comments: