(എൻ.പ്രഭാകരന്റെ കവിതാഡയറിയാണ്. ഓരോരുത്തർക്കും അവനവന്റേതായ രീതിയിൽ പ്രതികരിക്കാം)
കമ്യൂണിസം കാലഹരണപ്പെട്ടു.
പാര്‍ട്ടിനേതാക്കളെല്ലാം
പെരുംപണക്കാരുടെ പിണിയാളരായി.
പൊരുതിയതേതിനോടോ
അതിന്റെ പുതുകാലപ്രയോക്തക്കളായി.
തൊഴിലാളികള്‍ നഷ്ടപ്പെടാന്‍ പലതുമുള്ളവരായി
ദല്ലാള്‍പ്പണി നാട്ടുനടപ്പായി.
ആരും ആരുടെയും സഖാവല്ലാതായി.
എല്ലാം കഴിഞ്ഞും ബാക്കിയാവുന്നു
ഒരു മഞ്ഞുകാലരാത്രിയില്‍
ഏതോ പൊതുസമ്മേളനപ്പറമ്പിലെ മണ്ണില്‍ അച്ഛന്റെയരികില്‍
'നിങ്ങളെന്നെ കമ്യൂണിസ്റാക്കി' കണ്ട് കോരിത്തരിച്ച
ആറ് വയസ്സുകാരന്റെ ഉള്ളില്‍ വീണ കനലിന്റെ
ആറിത്തണുക്കാത്ത ചാരം.

0 comments: