
നടുവില്‍ : യു.ഡി.എഫിനുള്ളിലെ പടലപ്പിണക്കങ്ങള്‍ കൊണ്ട് വിവാദങ്ങള്‍ വിട്ടൊഴിയാത്ത നടുവിലില്‍ പഞ്ചായത്തിന്റെ വാഹനം ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തി. വാഹനത്തിനുള്ളില്‍ മദ്യക്കുപ്പികളും കാണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. നടുവില്‍-ആലക്കോട് ഹില്‍റോഡില്‍ വായാട്ടുപറമ്പിന് സമീപം താഴത്തങ്ങാടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് നടുവില്‍ പഞ്ചായത്തിന്റെ കെ.എല്‍. 59 എഫ് 5941 ബൊലോറ ജീപ്പാണ് അപകടത്തില്‍പ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. റോഡിലുള്ള കലുങ്കിനടിയിലെ തോട്ടിലേക്ക് മറിഞ്ഞുവീഴാറായ നിലയിലായിരുന്നു ജീപ്പ്. പിന്‍വശത്തെ ടയര്‍ തോട്ടിലേക്ക് മറിഞ്ഞ നിലയിലും ബാക്കി ബോഡി കലുങ്കില്‍ തട്ടി നില്‌ക്കുന്ന നിലയിലുമായിരുന്നു. പുലര്‍ച്ചെ ടാപ്പിംഗിന് പോയവരാണ് വാഹനം അപകടത്തില്‍പ്പെട്ടത് കണ്ടെത്തിയത്. സമീപത്ത് ഡ്രൈവര്‍ പോത്തുകുണ്ട് സ്വദേശി ഷിജു (35)വിനെയും കാണപ്പെട്ടു. പഞ്ചായത്ത് വാഹനം ഈ സമയത്ത് താഴത്തങ്ങാടിയില്‍ കണ്ടെത്തിയത് നാട്ടുകാരില്‍ സംശയമുയര്‍ത്തി. ഇതോടെ വിവരം കാട്ടുതീ പോലെ എങ്ങും പടര്‍ന്നു. നിരവധി ആളുകള്‍ സ്ഥലത്ത് പാഞ്ഞെത്തി. ഡ്രൈവര്‍ ഷിജുവിനെ മദ്യ ലഹരിയില്‍ കണ്ടെത്തിയതും ദുരൂഹതയായി. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇതിനിടെ വാഹനത്തിനുള്ളില്‍ മദ്യക്കുപ്പികളും കണ്ടെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി. വാഹനം കിടന്നതിന്റെ പരിസരത്ത് മദ്യപിച്ചതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും അവിശിഷ്‌ടമുണ്ടായിരുന്നു. ഇതിനിടെ സംഭവമറിഞ്ഞ് ആലക്കോട് എസ്.ഐ: ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ ചോദ്യം ചെയ്യലിലും പരസ്‌പര വിരുദ്ധമായ രീതിയിലാണ് ഡ്രൈവര്‍ സംസാരിച്ചത്. തന്നെ ഇന്നലെ രാത്രി നടുവില്‍ ടൗണില്‍ വെച്ച് ലീഗുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ഇവിടെയെത്തിയപ്പോള്‍ അപകടം സംഭവിച്ചതാണെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ലീഗുകാരും നാട്ടുകാരും പറയുന്നത്. തിരുവനന്തപുരത്തേക്ക് പോകാന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. മാത്യുവിനെ രാത്രി കണ്ണൂരിലാക്കി മടങ്ങുകയായിരുന്നുവെന്നാണ് ഷിജു പറയുന്നത്. പോത്തുകുണ്ടിലേക്ക് പോവേണ്ട ഇയാള്‍ എന്തിന് താഴത്തങ്ങാടിയിലെത്തി എന്നതാണ് നാട്ടുകാരുടെ ചോദ്യം. പോലീസ് ഷിജുവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം രാത്രി അപകടത്തില്‍പ്പെടുകയും ഇതിനുള്ളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തുകയും ചെയ്‌തതോടെ സംഭവം ഏറെ വിവാദമായിരിക്കുകയാണ്. പഞ്ചായത്ത് മെമ്പര്‍മാരായ ബേബി ഓടമ്പള്ളി, ടി.എന്‍. ബാലകൃഷ്‌ണന്‍, ത്രേസ്യാമ്മ ടീച്ചര്‍, രാജേഷ് മാങ്കൂട്ടത്തില്‍, മുസ്ലിംലീഗ് നേതാക്കളായ വി.പി. മൂസാന്‍കുട്ടി, വി.എ. റഹിം എന്നിവരുള്‍പ്പെടെ നിരവധിയാളുകളാണ് താഴത്തങ്ങാടിയിലെത്തിയത്. പഞ്ചായത്ത് പ്രസിഡണ്ടിനെ കണ്ണൂരില്‍ എത്തിച്ച ശേഷം തിരിച്ചു വന്ന ഷിജു ഏതോ സംഘവുമായി ചേര്‍ന്ന് മദ്യപിക്കുകയായിരുന്നുവെന്നും, പിന്നീട് വീട്ടിലേക്ക് പോകുന്നതിന് വേണ്ടി വാഹനം തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നുമാണ് കരുതുന്നത്. നാട്ടുകാര്‍ കണ്ടെത്തിയതിനാല്‍ വാഹനം ഇവിടെ നിന്ന് മാറ്റാന്‍ കഴിയാതെ വരികയായിരുന്നത്രെ. പഞ്ചായത്തിന്റെ വാഹനം വന്‍ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി നേരത്തെ മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടയിലാണ് പുതിയ വിവാദം. ഇതിന്റെ പശ്ചാത്തലത്തില്‍ മുസ്ലിംലീഗും ഐ ഗ്രൂപ്പും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. പി.ടി. മാത്യുവിനെതിരെ തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് ലീഗിന്റെയും ഐ ഗ്രൂ പ്പിന്റെയും ആവശ്യം.(ഫോട്ടോ Naushad naduvil)

Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: